National
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട ഏഴ് എംപിമാരുടെ ബിജെപി ലയനത്തിന് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ അംഗീകാരം നൽകി. ഇതോടെ 245 അംഗ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു.
രാഷ്ട്രപതി നാമനിർദേശം ചെയ്തവരിൽ ബിജെപിയിൽ ചേർന്ന അഞ്ചു പേരും ഉൾപ്പെടെയാണ് ബിജെപിയുടെ അംഗസംഖ്യ 113ലെത്തിയത്.
എഎപി വിട്ട രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, വിക്രംജിത് സിംഗ് സാഹ്നി, ഹർഭജൻ സിംഗ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഇവരുടെ ലയനത്തിന് രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി അംഗീകാരം നൽകിയതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു ആണ് സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചത്. പിന്നാലെ രാജ്യസഭയുടെ വെബ്സൈറ്റിലും പാർട്ടികളുടെ പുതിയ അംഗബലം പ്രസിദ്ധീകരിച്ചു.
പഞ്ചാബിൽനിന്ന് ആകെയുള്ള ഏഴ് രാജ്യസഭാംഗങ്ങളിൽ ആറു പേരും ബിജെപിയിലെത്തി. രാജ്യസഭയിലേക്ക് ഒരംഗത്തപ്പോലും തെരഞ്ഞെടുക്കാനുള്ള അംഗബലമില്ലാത്ത ചെറുപാർട്ടിയാണു പഞ്ചാബിൽ ബിജെപി. പഞ്ചാബിലെ 117 അംഗ നിയമസഭയിൽ വെറും രണ്ട് എംഎൽഎമാർ മാത്രമാണു ബിജെപിക്കുള്ളത്.
രാജ്യസഭയിൽ പത്ത് എംപിമാരുമായി നാലാം സ്ഥാനത്തുണ്ടായിരുന്ന എഎപിയുടെ അംഗബലം മൂന്നായി കുറഞ്ഞു. പഞ്ചാബിൽനിന്ന് ബൽബീർ സിംഗ് സീചെവാൾ മാത്രമാണ് എഎപിയിൽ ശേഷിക്കുന്നത്.
ഡൽഹിയിൽ നിന്നുള്ള രാജ്യസഭയിലെ പാർട്ടി നേതാവ് സഞ്ജയ് സിംഗും ചാർട്ടേഡ് അക്കൗണ്ടന്റായ എൻ.ഡി. ഗുപ്തയും എഎപിയിൽ തുടരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സിന്റെ മുൻ ദേശീയ പ്രസിഡന്റാണു ഗുപ്ത.
രാജ്യസഭയിലെ രാജ്യസഭയിലെ പുതിയ അംഗബലം
ബിജെപി: 113
(നേരത്തേ 107 ആയിരുന്നു. നാമനിർദേശം ചെയ്യപ്പെട്ട അഞ്ച് പേരും ആറ് എഎപി അംഗങ്ങളും ചേർന്നതോടെയാണിത്).
എൻഡിഎ : 148
എഎപി: പത്തിൽനിന്ന് മൂന്നായി കുറഞ്ഞു
പത്താം ഷെഡ്യൂൾ
അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ കാലത്ത് പാർലമെന്റ് പാസാക്കിയ 2003ലെ 91-ാം ഭരണഘടനാ ഭേദഗതി നിയമം ആണ് കൂറുമാറിയ എഎപി എംപിമാരെ അയോഗ്യതയിൽ നിന്നൊഴിവാക്കിയത്. രാഷ്ട്രീയ പാർട്ടി എംപിമാരിൽ കുറഞ്ഞതു മൂന്നിൽ രണ്ട് അംഗങ്ങൾ മറ്റൊരു പാർട്ടിയിലേക്കു മാറിയാൽ അതു ലയനമായി കണക്കാക്കും എന്നതായിരുന്നു നിയമഭേദഗതി.
National
ന്യൂഡൽഹി: ആംആദ്മി പാര്ട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന എംപിമാരുടെ ലയനത്തിന് രാജ്യസഭാ ചെയർമാൻ അംഗീകാരം നൽകി. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് ഏഴ് എഎപി എംപിമാരുടെ ലയനം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്.
ഇതോടെ എന്ഡിഎയുടെ രാജ്യസഭയിലെ അംഗബലം 148 ആയി. ഏഴ് പേരെ നഷ്ടപ്പെട്ടതോടെ എഎപിയുടെ സംഖ്യ മൂന്നായി ചുരുങ്ങി. എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയര്മാന് എഎപി നല്കിയ കത്ത് ഇതോടെ അപ്രസക്തമായി. നീക്കം തടയാനായി പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണാനും സമയം തേടിയിരുന്നു.
കൂറുമാറ്റ നിരോധന നിയമം ചൂണ്ടിക്കാട്ടി ലയനം അംഗീകരിക്കരുതെന്നാണ് ആംആദ്മി പാര്ട്ടിയുടെ വാദം. ലയനത്തിന് ശേഷം ഏഴ് എംപിമാരും തങ്ങളെ ബിജെപി എംപിമാരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യസഭാ ചെയർമാന് നിവേദനം നൽകിയിരുന്നു.
National
മുംബൈ: ലയനചർച്ചകൾ അപ്രസക്തമാക്കി ഇരുവിഭാഗം എൻസിപി നേതാക്കളും പരസ്പരം ആക്രമണം രൂക്ഷമാക്കി. ലയനവിഷയം ശരദ് പവാർ പക്ഷം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച എൻസിപി (എസ്പി) സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെ മാപ്പു പറയണമെന്ന് എൻസിപി നേതാവ് ആനന്ദ് പരഞ്ജ്പെ ആവശ്യപ്പെട്ടു.
പാർട്ടി മുഖപത്രമായ രാഷ്ട്രവാടിയിൽ ശശികാന്ത് ഷിൻഡെ എഴുതിയ ലേഖനം അജിത് പവാറിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആനന്ദ് പരഞ്ജ്പെ പറഞ്ഞു. ചർച്ചകൾ നടത്താൻ ഒരു നേതാവും ഇല്ലാത്തതിനാൽ ഇപ്പോൾ ലയനം അടഞ്ഞ അധ്യായമാണെന്ന് ശശികാന്ത് ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ പ്രശ്നം എൻസിപി (എസ്പി) അവസാനിപ്പിച്ചു. തന്റെ പാർട്ടി ലയനത്തിനായി ശക്തമായി ശ്രമിക്കുന്നുണ്ടെന്ന ധാരണ സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ, അത് ശരിയല്ല. പാർട്ടി ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ലേഖനത്തിൽ അജിത് പവാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
അതേസമയം, അജിത് പവാർ എൻസിപി വിടാനുള്ള സാഹചര്യം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ലേഖനത്തിലുണ്ടെന്ന് ആനന്ദ് പരഞ്ജ്പെ പറഞ്ഞു. അജിത് പവാറിന്റെ മരണശേഷവും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു.
പാർട്ടി പ്രവർത്തകർ ഈ ആരോപണങ്ങൾക്ക് ഉചിതമായ മറുപടി നൽകും. ലയനവിഷയം നിലവിൽ പാർട്ടി അജൻഡയിൽ ഇല്ലെന്ന് പാർട്ടി നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ താത്കറെയും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.